ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

February 11, 2010

ഒരു രാത്രി കൂടി വിടവാങ്ങവേ...

മലയാളിയുടെ മനസ്സില്‍ അമൃതമഴ പെയ്യിച്ച, ഓരോ  ചലച്ചിത്ര ഗാന പ്രേമിയുടെയും മനസ്സാകുന്ന മണ്‍ വീണയില്‍ വിരല്‍ മീട്ടിപ്പാടിയ ആ തൂലികയില്‍ നിന്നും ഇനി അക്ഷരങ്ങള്‍ ഉതിര്‍ന്നു വീഴില്ല. കളഭ തുല്യമായ മനസ്സില്‍ നിന്നും മലയാളിയുടെ കൈക്കുടന്ന നിറയെ തിരുമധുരം പോലുള്ള ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ചു ഗിരീഷ്‌ പുത്തഞ്ചേരി കാലയവനികക്കുള്ളില്‍ മറഞ്ഞിരിക്കുന്നു... ആകാശദീപങ്ങളെ സാക്ഷിയാക്കിക്കൊണ്ട്. പക്ഷെ മലയാള ചലച്ചിത്ര ഗാന സാമ്രാജ്യത്തില്‍ അദ്ദേഹം നേടിയെടുത്ത കിരീടം കാലമെത്ര കഴിഞ്ഞാലും വീണ് ഉടയുകയില്ല.
അദ്ദേഹവുമായി അല്പനേരമെങ്കിലും അടുത്തിടപഴകാന്‍ ലഭിച്ച നിമിഷങ്ങള്‍ ഇന്ന് ഞാന്‍ ഓര്‍ത്തുപോകുന്നു. ഞാന്‍ പഠിച്ച കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജിന്റെ അടുത്ത് കാരപ്പറമ്പിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കോളേജില്‍ ഞാന്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്ന റിനൈസന്‍സ് കലാസാംസ്കാരിക വേദിയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹത്തെ ക്ഷണിക്കുവാന്‍ സുഹൃത്തുക്കളോടൊപ്പം അദ്ദേഹത്തിന്റെ വസതിയില്‍ പോകാനിടയായി. മുരുക്കിച്ചുവപ്പിച്ചു കുട്ടികളെ കളിപ്പിച്ചിരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ പ്രശസ്തനായ ഗാന രചയിതാവാണെന്നു തോന്നിയതെ ഇല്ല. കാര്യം പറഞ്ഞപ്പോള്‍ വരാമെന്നേറ്റ അദ്ദേഹത്തിന് ഒരു നിബന്ധനയുണ്ടായിരുന്നു. "കോളേജാണല്ലോ, വല്ലവനും കൂവാനോ അലമ്പ് കാണിക്കാനോ തുടങ്ങിയാല്‍ ഞാന്‍ എന്റെ തനി സ്വഭാവം പുറത്തെടുക്കും. പിന്നെ നിങ്ങള്ക്ക് മൈക്ക് ഓഫാക്കേണ്ടി വരും." ഞങ്ങള്‍ ചിരിച്ചു കൊണ്ട് സമ്മതിച്ചു. പരിപാടിക്ക് കൃത്യ സമയത്ത് തന്നെ അദ്ദേഹം എത്തി. ലളിതമായ വാക്കുകളില്‍, എന്നാല്‍ കാവ്യാത്മകമായ ഒരു പ്രഭാഷണം നടത്തിയതിനു പുറമേ വിദ്യാര്‍തികളുടെ ആവശ്യപ്രകാരം ഒരു ഗാനവും പാടി... "ദേവകന്യക സൂര്യതംബുരു മീട്ടുന്നു..." . ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു ആ ശബ്ദം.
ഏതു തരം ആസ്വാദകരെയും തൃപ്തിപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനാശൈലിയുടെ പ്രത്യേകത. ഭക്തി തുളുമ്പി നില്‍ക്കുന്ന നന്ദനത്തിലേത് പോലുള്ള ഗാനങ്ങളും ഒരുപാട് പ്രണയ ഗാനങ്ങളും വിരഹഗാനങ്ങളും അതോടൊപ്പം അര്‍ദ്ധശാസ്ത്രീയ സംഗീത ഗാനങ്ങളും അദ്ദേഹം രചിച്ചു. കൂടെ ചിങ്ങമാസം പോലുള്ള അടിപൊളി ഗാനങ്ങളും. തികച്ചും സാധാരണ വാക്കുകള്‍ അദ്ദേഹത്തിന് മാത്രം കഴിയുന്ന രീതിയില്‍ സമന്വയിപ്പിച്ചതായിരൂന്നു അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ജനകീയതക്ക് കാരണം. "കിണ്ടാണ്ടം"(ഒന്നാം വട്ടം - ചന്ദ്രലേഖ) പോലുള്ള പ്രയോഗങ്ങള്‍ ഏറെ വിമര്‍ശനം വിളിച്ചു വരുത്തിയെങ്കിലും തന്റെ സാഹിത്യ ഭംഗി തുളുമ്പിയ ഗാനങ്ങളിലൂടെ അതെല്ലാം അദ്ദേഹം മറികടന്നു. "ആരും കൊതിക്കുന്നോരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം" എന്ന ഈരടി മാത്രം മതി ആ മനസ്സിലെ കാവ്യ ഭാവനക്ക് ഉദാഹരണമാകാന്‍.അദ്ദേഹം ഗാനരചന നടത്തിയ കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ മലയാള സിനിമാഗാനങ്ങളില്‍ നിന്നും മികച്ച പത്തു ഗാനങ്ങളെടുക്കാന്‍ ഏതൊരു മലയാളിയോട് പറഞ്ഞാലും അതില്‍ പകുതിയോളം അദ്ദേഹം രചിച്ചതായിരിക്കുമെന്നു നിസ്സംശയം പറയാം. അദ്ദേഹം നേടിയ ഏഴു അവാര്‍ഡുകളേക്കാളും അദ്ദേഹത്തെ ഇനിയുമേറെ തലമുറകളോളം മലയാളിയുടെ മനസ്സില്‍  തങ്ങി നിര്താന്‍ ആ ഗാനങ്ങള്‍ മാത്രം മതി. ആ സ്മരണക്കു മുന്നില്‍ നമിക്കുന്നു. 
ഇത് മലയാള സിനിമക്ക് നഷ്ടങ്ങളുടെ കാലമാണ്... ഭരത് മുരളി, ലോഹി, രാജന്‍.പി.ദേവ്, കൊച്ചിന്‍ ഹനീഫ... ഇപ്പോള്‍ പുത്തഞ്ചേരിയും. തമ്മിലടിച്ചു ഇല്ലാതായിതീരുന്ന മലയാള സിനിമാക്കാര്‍ ആ സ്മരണക്കു മുന്നില്‍ നമിച്ചെങ്കിലും എല്ലാം മറന്നു സിനിമയുടെ നന്മക്കായി പ്രവര്തിച്ചെങ്കില്‍.

3 comments:

ശ്രീ said...

നല്ലൊരു ലേഖനം മാഷേ. ആ പ്രതിഭയെ പരിചയപ്പെടാന്‍ സാധിച്ചത് മഹാഭാഗ്യം തന്നെ. (എന്റെയും ഒരാഗ്രഹമായിരുന്നു... അദ്ദേഹത്തെ എന്നെങ്കിലും ഒന്ന് പരിചയപ്പെടണമെന്നത്)

Unknown said...

ആദരാഞ്‌ജലികള്‍..!!

Anonymous said...

അദ്ദേഹത്തിന് ആദരാഞ്‌ജലികള്‍

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം