ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

March 06, 2010

മാമ്പഴമില്ലാക്കാലം

അങ്കണതൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ...
വീട്ടുമുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ  ചുവട്ടില്‍ മാമ്പഴം വീഴാന്‍ വേണ്ടി കാത്തു നിന്നിരുന്ന ബാല്യകാലം ഇന്നും നാവിലും മനസ്സിലും മധുരം നിറക്കുന്നു. വീട്ടിലെ ഒറ്റക്കുട്ടിയായി വളര്‍ന്നത്‌ കൊണ്ടും കൂട്ടുകാര്‍ കുറവായിരുന്നത് കൊണ്ടും  ഈയുള്ളവന് ഇത് പോലുള്ളവ മാത്രമാണ് ബാല്യകാലസ്മരണകള്‍. അന്ന് പറമ്പില്‍ മുഴുവന്‍  മാവുകളായിരുന്നു. പിന്നെ പ്ലാവും പുളിങ്ങയും പേരക്കയും എല്ലാം. പല തരത്തിലുള്ള മാവുകള്‍. പേരറിയാത്തവ. പലതും നല്ല പുളിയന്മാരായിരുന്നെങ്കിലും കടിച്ചു വലിച്ചു തിന്നുമ്പോള്‍ ഒരു മധുരമുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ തെങ്ങില്‍ തേങ്ങ കുറയുന്നു എന്ന് പറഞ്ഞു അമ്മ കുറെ മരങ്ങള്‍ വെട്ടിക്കളഞ്ഞു. എങ്കിലും മൂവാണ്ടനും ഒന്ന് രണ്ടു പുളിയന്മാരും ബാക്കിയുണ്ടായിരുന്നു...
ഓരോ തവണയും മാമ്പഴക്കാലം വരുമ്പോള്‍ പഴയ മധുരം ഓര്‍മ്മ വരും. പക്ഷെ ഇത്തവണ എന്തോ ഒരു വ്യത്യാസം. ഈ വര്‍ഷം ഈ മാവുകള്‍ക്കെല്ലാം എന്ത് പറ്റി? നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ പൂങ്കുലകള്‍ ചൂടി നില്‍കാറുള്ള അവരെല്ലാം ഇത്തവണ പണിമുടക്കിലാണോ? ഇന്നത്തെ കുട്ടികള്‍ക്ക് മാമ്പഴം പെറുക്കാനും മാവിന്‍ ചുവട്ടില്‍ കളിവീട് പണിയാനും സമയമില്ലാതതില്‍ പ്രതിഷേധിച്ച് മാവുകള്‍ പിണങ്ങിയിരിക്കുകയാണോ? കടുമാങ്ങക്ക് മാങ്ങ പറിക്കാന്‍ തുടങ്ങാറുള്ള ഈ മാര്‍ച്ച് മാസത്തിലും ഇങ്ങനെ പൂക്കാതെ കായ്ക്കാതെ നില്‍ക്കാന്‍ ഇവര്‍ക്കെങ്ങനെ കഴിയുന്നു? ഇന്നും കുറെക്കുട്ടികളെങ്കിലും മാങ്ങ പെറുക്കാന്‍ വരുന്ന നാട്ടിന്‍പുറങ്ങളിലെ മാവുകളും ഇതില്‍ പങ്കു ചേര്‍ന്നത്‌ തമിഴ്നാട്ടില്‍ നിന്നും മറ്റും കേരളത്തിലെത്തുന്ന മാങ്ങ വില കൊടുത്തു വാങ്ങി കഴിച്ചു തങ്ങളെ ചീച്ചു കളയുന്ന മലയാളിയെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണോ?    
സുഹൃത്തായ കൃഷിശാസ്ത്രജ്ഞനോട് ചോദിച്ചപ്പോള്‍ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു തന്നു. അന്തരീക്ഷത്തിലെ ചൂടിന്റെ അളവാണത്രേ മാവിന്റെ കായ്ക്കലിനെ നിയന്ത്രിക്കുന്ന മുഖ്യ ഘടകം. ചൂട് കൂടുന്നതിനനുസരിച്ച് പൂക്കുന്നതിനും പൂക്കള്‍ കായാകുന്നതിനും തടസ്സം നേരിടുന്നു. ആഗോളതാപനം വരുത്തിവെക്കുന്ന ഓരോ വിനകള്‍. പ്രകൃതി മനുഷ്യനോടു പക വീട്ടി തുടങ്ങിയിരിക്കുന്നു. നമ്മുടെ ഭാവി തലമുറകള്‍ക്കെങ്ങോ സംഭവിക്കുമെന്ന് കരുതിയ എല്ലാ ദുരിതങ്ങളും നമുക്ക് മേല്‍ തന്നെ തീമഴയായി പതിക്കുന്നു. മനുഷ്യന്‍ തന്റെ അമ്മയായ ഭൂമിയോട് ചെയ്യുന്ന ഓരോ ദ്രോഹവും പ്രകൃതി ദുരന്തങ്ങളുടെയും ഭകഷ്യക്ഷാമത്തിന്റെയും രോഗങ്ങളുടെയും രൂപത്തില്‍ തിരിച്ചടിക്കാന്‍ തുടങ്ങുന്നു. 
പ്രകൃതിയോടു നമുക്ക് മാപ്പിരക്കാന്‍ ഇനിയെന്ത് വഴി?
അടുത്ത തലമുറയ്ക്ക് നല്‍കാന്‍ നമുക്കിനിയെന്തുണ്ട്?
അതോ അതിനെല്ലാം മുന്‍പ് തന്നെ നാം എരിഞ്ഞ് തീരുമോ?

6 comments:

krishnakumar513 said...

മാങ്ങയെല്ലാം കാണാക്കനിയാകുന്ന കാലം വിദൂരമല്ലെന്നു തോന്നുന്നു,ഡോക്ടറെ!!

Unknown said...

പ്രകൃതിയോടു നമുക്ക് മാപ്പിരക്കാന്‍ ഇനിയെന്ത് വഴി?
അടുത്ത തലമുറയ്ക്ക് നല്‍കാന്‍ നമുക്കിനിയെന്തുണ്ട്?

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

യാതൊരു പരിചരണവും കൂടാതെ നമുക്ക് മധുരം സമ്മാനിക്കുന്ന മാവുകളെ നാം എന്നോ കയ്യൊഴിഞ്ഞു.അപ്പോള്‍ പ്രകൃതിയും നമ്മെ കയ്യോഴിയാതെ തരമില്ല. പക്ഷെ കേരനാട്ടില്‍ കേരവും മാങ്ങയും ഒന്നും ഇല്ലെങ്കിലും തമിഴന്‍, രാസപദാര്‍ത്ഥങ്ങള്‍ ഇട്ടു 'മോഞ്ചാക്കിയ ' മാങ്ങയും രാസവളമിട്ടു 'ചീര്‍പ്പിച്ച'ഇളനീരും നമുക്ക് കൊണ്ടുവരും.അത് തിന്നു രോഗിയായി നമുക്ക് ഡോക്ടര്‍മാരുടെ അടുത്ത് ക്യു നില്‍കാം.(ഹോമിയോപ്പതിയില്‍ ഇതിനു വല്ല ചാന്‍സും ഉണ്ടോ)

DR SHIBI..THE GREAT HOMOEOPATHY.. said...

പ്രകൃതി സൌന്ദര്യം നമുക്ക് നഷ്ടപ്പെടുന്നു
ആഗോള താപനം ചെറുക്കാന്‍ നമുക്കും മരങ്ങള്‍ നട്ടു പിടിപ്പിക്കാം

pcmustafa said...

March 23, World Meteorological Day.
Another day to worry about and to repent on our brutality to the earth.

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം