ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

March 11, 2010

മാരകം മലയാലം

രെന്‍ജിനി ഹരിദാസിന്റെ 'മലയാലത്തെ' കുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ടല്ലോ. അത് പോലെ മലയാളം പറയുന്ന കുറേപ്പേര്‍ കേരളത്തിലെ കൊളേജുകളിലുണ്ട്. ഇന്ന് അത്തരക്കാരാണ് കൂടുതലെങ്കിലും ഒരു പത്തു കൊല്ലം മുന്‍പ് എണ്ണത്തില്‍ കുറവായിരുന്നു.
കേരളത്തിലെ പ്രൊഫെഷണല്‍ കോളേജുകളില്‍ പഠിക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികള്‍ പലപ്പോഴും ഭാഷ അറിയാതെ പല അബദ്ധങ്ങളിലും ചെന്ന് ചാടാറുണ്ട്. അത് പോലെ തന്നെയാണ് N .R .I മലയാളികളുടെ മക്കളുടെ കാര്യവും. ഗള്‍ഫിലോ മറ്റു വിദേശ രാജ്യങ്ങളിലോ പ്ലസ്-2 ക്ലാസ്സ് വരെ പഠിക്കുന്ന ഇക്കൂട്ടര്‍ "മലയാലം കുരച്ചു കുരച്ചു മാത്രം അരിയാം" എന്ന അവസ്ഥയിലായിരിക്കും കേരളത്തിലെ കോളേജുകളില്‍ പഠിക്കാനെത്തുന്നത്. അധ്യയനം ഇംഗ്ലീഷിലായത്  കൊണ്ട് ആ കാര്യത്തില്‍ പ്രശ്നമില്ലെങ്കിലും ഹോസ്ടലിനടുത്തുള്ള കടയില്‍ പോയി സാധനം വാങ്ങാനും ബസ്സില്‍ കയറി അടുത്തുള്ള ടൌണില്‍ പോകാനുമെല്ലാം അവര്‍ തുടക്കത്തില്‍ വളരെ ബുദ്ധി മുട്ടാറുണ്ട്.
ഇത്തരത്തില്‍ പെട്ട കുറച്ചു പേര്‍ എന്റെ കോളേജിലും ഉണ്ടായിരുന്നു. മലയാളം മീഡിയത്തില്‍ പഠിച്ച ഞങ്ങള്‍ കുറച്ചു പേര്‍ അവരുടെ അബദ്ധങ്ങള്‍ ആഘോഷിച്ച് (ഞങ്ങള്‍ക്ക് ഇംഗ്ലീഷ് പറയുമ്പോള്‍ ഉള്ള തപ്പലില്‍ നിന്നുണ്ടാകുന്ന കുശുമ്പ് കൊണ്ടല്ല കളിയാക്കുന്നത്, സത്യം!!!) ഏറെ ചിരിച്ചു വശം കെടാറും ഉണ്ടായിരുന്നു. തമിള്‍നാട്ടില്‍ നിന്നു വന്ന സഹപാഠി കടയില്‍ പോയി "കളിക്കാന്‍ രണ്ടു വാളപ്പളം" എന്ന് പറയുന്നത് കേട്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും? വേറൊരു സഹപാഠിനി കാന്റീനില്‍ ചായ കുടിക്കാന്‍ പോയി. ചായ കൊണ്ട് വെച്ചപ്പോള്‍ ഒരീച്ച. ഉടനെ ആ മലയാളിപ്പെന്കൊടി വിളിച്ചു പറഞ്ഞു-  "ചേറ്റാ, ചായില്‍ ഒരു മൃഗം". 'ചെറ്റ' എന്ന് വിളിച്ചതിന് ആ ചേട്ടന്‍ തല്ലാഞ്ഞതിനു ഈച്ചയോടു നന്ദി പറയണം.    
അവര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ക്ക് പുറമേ സ്വയം കഥകളുണ്ടാക്കി അവരുടെ തലയില്‍ കെട്ടി വെച്ചു കൊടുക്കുന്നതും സാധാരണയായിരുന്നു. അത്തരമൊരു കഥയിതാ... നമ്മുടെ കഥാനായിക ടു വീലെറില്‍ പോകുമ്പോള്‍ ഒരു സ്കൂള്‍ കുട്ടിയുടെ മേല്‍ വണ്ടി തട്ടി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ കുട്ടി പറഞ്ഞു..."ആ ചേച്ചി നിരപരാധിയാ, ഞാനാ നോക്കാതെ റോഡ്‌ ക്രോസ് ചെയ്തത്". കേട്ട പാതി കേള്‍ക്കാത്ത പാതി കഥാനായിക ഒറ്റ അലര്‍ച്ച..."കുറ്റീ... വാട്ട് ആര്‍ യു ടെല്ലിംഗ്?  നീയാ നിരപരാതി, എന്റെ ഭാഗത്ത്‌ മിസ്ടെക് ഇല്ല".
ഞങ്ങളുടെ കളിയാക്കലുകള്‍ മൂലം എന്ത് വന്നാലും മലയാളം പഠിച്ച് പറയും എന്നായി അവരുടെ തീരുമാനം. അതോടെ അവര്‍ സ്ഥാനത്തും അസ്ഥാനത്തുമെല്ലാം മലയാളം മാത്രം പറഞ്ഞു തുടങ്ങി. പിന്നെ മുന്‍പത്തേക്കാള്‍ കഷ്ടമായി അവസ്ഥ.
ഒരു സഹപാഠിനിക്ക് എന്തോ അസുഖത്തിന് ബ്ലഡ് എക്സാമിനേഷന് എഴുതിക്കൊടുത്തു. ഞങ്ങള്‍ ഫസ്റ്റ് ഇയര്‍ ആയതു കൊണ്ട് കോളേജിലും ആശുപത്രിയിലും പരിചയമായി വരുന്നതെ ഉണ്ടായിരുന്നുള്ളൂ. ഹോസ്പിറ്റലിലെ ലാബില്‍ പോകാന്‍ അവള്‍ ആദ്യം കണ്ട ഹൌസ് സര്‍ജന്‍ ചേട്ടനെ സമീപിച്ചു പറഞ്ഞു... "ചേറ്റാ, എന്റെ രെക്റ്റം പരിസോദിക്കണം". തറകളില്‍ തത്തറ എന്ന് കുപ്രസിദ്ധിയുള്ള ചേട്ടന്‍ ഒരു ചിരി ചിരിച്ചു. എന്നിട്ട് പറഞ്ഞു..."കൊച്ചു രാവിലെ കക്കൂസില്‍ പോയതാണല്ലോ അല്ലെ? ഇല്ലെങ്കില്‍ ആകെ വൃത്തി കേടാകും". രക്തവും രെക്ടവും(rectum) തലയില്‍ കയറാന്‍ കഥാനായികക്ക് കുറച്ചു സമയമെടുത്തു. എന്തായാലും പിന്നീട് അവള്‍ കുറെക്കാലത്തേക്ക് മലയാളം പറഞ്ഞിട്ടില്ല.

3 comments:

കൂതറHashimܓ said...

ഹ ഹ ഹാ

ശ്രീ said...

കൊള്ളാം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മലയാലം പരയാന്‍ അരിയാത്ത നങ്ങളെ ഇങ്ങനെ കുത്തം പരയരുത് കേറ്റോ

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം