ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

April 24, 2011

ദൈവത്തിനും മരണമുണ്ട്...!?!?

അങ്ങനെ ഇന്ത്യയുടെ ആദ്യ ഔദ്യോഗിക ആള്‍ ദൈവം തന്റെ എല്ലാ മന്ത്ര - തന്ത്ര സിദ്ധികളും മറന്നു വെന്റിലെറ്ററില്‍ കിടന്നു ഒടുവില്‍ ദേഹവിയോഗം ചെയ്തു. 96 വയസ്സുവരെ ജീവിക്കും എന്നായിരുന്നു സ്വയം നടത്തിയ പ്രവചനം. പത്തു പന്ത്രണ്ടു കൊല്ലം മുമ്പ് മരിച്ചതിനു ആരാധക ലക്ഷങ്ങള്‍ക്ക് മുന്നില്‍ ദൈവത്തിന്റെ സെക്രട്ടറിമാര്‍  എന്ന് വേണമെങ്കില്‍ വിളിക്കാവുന്ന സത്യസായി ട്രസ്റ്റിന്റെ ഭാരവാഹികള്‍ - അതായത് നാല്‍പ്പതിനായിരം കോടിയുടെ ഭാവി അവകാശികള്‍ - എന്തെങ്കിലും ന്യായീകരണം കണ്ടെത്തുമായിരിക്കും. എന്തായാലും ആള്‍ദൈവം വിചാരിച്ചാല്‍ ദൈവമാകാന്‍ പറ്റില്ലെന്ന് എവിടെയെങ്കിലും വേഷം കെട്ടി ആരെങ്കിലും ഇരിക്കുമ്പോളേക്കും കാല്‍ക്കല്‍ പോയി വീഴുന്ന ഭക്തശിരോമണികള്‍ ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ നല്ലത്.
മരിച്ചവരെ വെറുതെ വിടണമെന്നും സായിബാബ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രം നോക്കുക എന്നും ഇപ്പോള്‍ കുറേപ്പേര്‍ ബ്ലോഗുകളായും കമന്റുകളായും എഴുതി വിടുന്നുണ്ട്. ഈ പറയുന്ന ആരെങ്കിലും ഒരു സുപ്രഭാതത്തില്‍ കുറേപ്പേരെ സഹായിക്കാന്‍ പോകുകയാണെന്നും പാവങ്ങളെ ചികിത്സിക്കാന്‍ ആശുപത്രി തുടങ്ങാന്‍ പോകുകയാണെന്നും പ്രഖ്യാപിച്ചാല്‍ ആരെങ്കിലും കൊണ്ട് വന്നു തരുമോ ഒറ്റ ചില്ലിക്കാശ് ? കള്ളന്മാരെന്ന് എല്ലാവരും മുദ്ര കുത്തിയിട്ടുള്ള രാഷ്ട്രീയക്കാര്‍ പോലും അങ്ങനെ പറയാറില്ല. കാരണം അവര്‍ക്കറിയാം തങ്ങളുടെ സഹജീവികളെ... നൂറില്‍ ഒരാള്‍ പോലും ഉണ്ടാകില്ല യാതൊരു സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും ഇല്ലാതെ, കഷ്ടപ്പെടുന്നവനെ സഹായിക്കാന്‍ നല്ല മനസ്സ് കാണിക്കുന്നവര്‍. അപ്പോള്‍ അതിനൊരു മറ വേണം. ഏറ്റവും നല്ല മറ ഭക്തിയുടേത് തന്നെയാണെന്ന് അറിയാത്തവര്‍ ഇന്ന് ഇന്ത്യയില്‍ ആരും തന്നെ ഉണ്ടാവില്ല. അത് കൊണ്ട് തന്നെ ഇന്ന് ഇന്ത്യയുടെ "നമ്പര്‍ 1" വ്യവസായമായി ഭക്തി മാറിയിരിക്കുന്നു... ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളായാലും ഒറിജിനല്‍ ദൈവങ്ങളുടെ അമ്പലങ്ങളായാലും സ്വര്‍ണക്കുരിശു മുതല്‍ മുടി വരെ സൂക്ഷിച്ച പള്ളികളായാലും. 
ആള്‍ദൈവങ്ങള്‍ എവിടെയും ഒരിക്കലും ഉണ്ടാകുന്നതല്ല, ഉണ്ടാക്കപ്പെടുന്നതാണ്. എവിടെ ആള്‍ദൈവങ്ങള്‍ പ്രത്യക്ഷപ്പെട്ടാലും പരികര്‍മ്മികളും സില്ബന്ദികളുമായി കുറേപ്പേര്‍ ഉടന്‍ തന്നെ കൂട്ടിനെത്തും. 'ദൈവം' വേഷം കെട്ടി ഇരുന്നു കൊടുത്താല്‍ മാത്രം മതി, ബാക്കി കാര്യങ്ങളൊക്കെ ഈ അനുചരവൃന്ദം നോക്കിക്കൊള്ളും. പണപ്പിരിവ് മുതല്‍ അത് വേണ്ട മാതിരി നടക്കാഞ്ഞാലും വരുന്ന പണം സൂക്ഷിക്കാന്‍ സ്ഥലമില്ലാഞ്ഞാലും ഒരുപോലെ നടത്താവുന്ന പരിപാടിയായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളായാലും. പലപ്പോഴും ഇവര്‍ വലിക്കുന്ന ചരടിലെ ചലനങ്ങള്‍ക്കനുസരിച്ച് ആടാന്‍ വിധിക്കപ്പെടുന്ന പാവകള്‍ മാത്രമായി തീരുന്നു പല ആള്‍ ദൈവങ്ങളും. അതിന്റെ ഇരയായി ജീവന്‍ നല്‍കേണ്ടി വന്ന ദിവ്യാജോഷിയെ പോലുള്ളവരും നിരവധി. ഇന്നലെ വരെ തെരുവ് ഗുണ്ട ആയവനും മയക്കുമരുന്നിനടിമയായവനും വഴിയിലൂടെ തെണ്ടി നടന്നവനും "ബോധോദയം" വന്നാല്‍ അല്ലെങ്കില്‍ വരുത്തിയാല്‍ പിന്നെ ഈ ചരടുവലിക്കാരുടെ കയ്യില്‍ കിടന്നു ദൈവം കളിക്കാം... ആരും ചോദിക്കില്ല, എന്ത് പെണ്‍വാണിഭം നടത്തിയാലും ബ്ലു ഫിലിം ഉണ്ടാക്കിയാലും ഭക്തനടിമാരുമായി കാമകേളി നടത്തിയാലും തോക്ക് ചൂണ്ടിയാലും കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയാലും.
ആള്‍ദൈവങ്ങള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സേവനത്തിന്റെയും നിറ-മത-രാഷ്ട്രീയ ഭേദമില്ലായ്മയുടെയും പാരമ്യം കാണുന്നവരോട് ഒരു വാക്ക്. ഭക്തിയുടെയും മന്ത്രത്തിന്റെയും അത്ഭുതങ്ങളുടെയും ചട്ടക്കൂടുകളില്‍ നില്ക്കുന്നതുകൊണ്ട് മാത്രമാണ് അവര്‍ക്ക് സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനും അതുവഴി വന്‍ സാമ്പത്തിക സ്രോതസ്സായി മാറി വളരെയധികം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുന്നത്. വിഭൂതി എടുക്കുന്നതുള്‍പ്പെടെയുള്ള മാജിക്കുകള്‍ കയ്യിലുള്ളത് കൊണ്ടുതന്നെയാണ് സായിബാബക്ക് ഇത്ര വലിയ ആരാധക (ഭക്ത?) സഞ്ചയത്തെ സൃഷ്ടിക്കാനും അവരിലൂടെ കോടികളുടെ ആസ്തി തന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിനു ഉണ്ടാക്കാനും അത് വഴി ആശുപത്രികളും മറ്റും സ്ഥാപിക്കാനും കഴിഞ്ഞത്. കാവിയും മുടിയും വിഭൂതിയും ഇല്ലാത്ത ഒരു സാധാരണക്കാരനായിരുന്നു ബാബ എങ്കില്‍ ഇത് വല്ലതും  നടക്കുമായിരുന്നോ? പാവങ്ങളെ സഹായിക്കുന്നത് ആ സഹായത്തിന് ഉതകുന്ന പണം വന്ന വഴികളെ ന്യായീകരിക്കുമെങ്കില്‍ വീരപ്പന്‍ മുതല്‍ മുംബൈയിലെ അധോലോക നായകന്മാര്‍ വരെ ന്യായീകരിക്കപ്പെടേണ്ടവര്‍ തന്നെയല്ലേ? 
ചെറിയൊരു തീപ്പൊരി വീണാല്‍ പൊട്ടിത്തെറിക്കുന്ന 'ഭക്തി' എന്ന വെടിമരുന്നിന്റെ പിന്‍ബലമുള്ളത് കൊണ്ട് തന്നെ അത്യന്തം നിഗൂഡത പുലര്‍ത്തുന്നതായിരിക്കും ഇവരുടെ ആശ്രമങ്ങളെല്ലാം തന്നെ. സമൂഹത്തിലെ ഉന്നതന്മാരെല്ലാം ഭക്തരായി മാറിയാല്‍ - മന്ത്രിമാരും പോലീസുകാരും ജഡ്ജിമാരും സിനിമാക്കാരും കളിക്കാരും എല്ലാം കാലില്‍ വീഴുകയും മാറില്‍ കിടക്കുകയും കൂടെ ആടിപ്പാടുകയും ചെയ്യുമ്പോള്‍ - ആരെ പേടിക്കാന്‍? യാതൊരു കാര്യങ്ങളിലും സുതാര്യതയുടെ അംശം പിന്നെ പ്രതീക്ഷിക്കാന്‍ വയ്യല്ലോ. ആള്‍ ദൈവങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ ഭ്രാന്തന്മാരായി ചിത്രീകരിക്കാനോ കൊന്നുകളയാന്‍ തന്നെയോ പിന്നെ എന്തിനു മടിക്കണം? ആ കൊട്ടാരതുല്യമായ ആശ്രമങ്ങളിലെ അത്യന്തം നിഗൂഡതയുടെ ഇരുട്ട് നിറഞ്ഞ അകത്തളങ്ങളില്‍ അധിവസിക്കുന്ന ആത്മീയതയുടെ ഈ പുത്തന്‍ കാവല്‍ മാലാഖമാര്‍ക്ക് ഭക്തജനങ്ങള്‍ക്ക് എന്ത് ആശ്വാസമാണാവോ നല്‍കാന്‍ കഴിയുക... മാജിക്കുകളും സംഗീതത്തിന്റെ അകമ്പടിയോടെയുള്ള മാസ് ഹിപ്നോട്ടിസത്തിനു തുല്യമായ മയക്കലുകളുമല്ലാതെ.    
'ആള്‍ദൈവങ്ങളുടെ കാലശേഷം എന്ത്?' എന്നത് നാം ചോദിക്കേണ്ട സാഹചര്യം ഇന്ന് ഉണ്ടായിരിക്കുന്നു... ഇന്ന് ചാനലുകളില്‍ കണ്ടത് വെച്ച് നോക്കിയാല്‍ നാല്‍പ്പതിനായിരം കോടിയോളം ആസ്തി വരുന്ന ട്രസ്റ്റിന്റെ നായകത്വം ആര് വഹിക്കും എന്നത് തന്നെ തര്‍ക്ക വിഷയമായേക്കാം എന്നാണു മനസ്സിലാവുന്നത്. ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ ബാബ ഭക്തനായാലും നക്കാതെ വിടുമോ? ഇത് തന്നെയാണ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പല ആള്‍ദൈവങ്ങളുടെയും കാര്യത്തില്‍ നാളെ സംഭവിക്കാന്‍ പോകുന്നത്. അവരുടെ പേരില്‍ ഉണ്ടാക്കപ്പെട്ട - അല്ലെങ്കില്‍ അവരെ വെച്ച് ചിലര്‍ ഉണ്ടാക്കിയ - കോടികളുടെ ആസ്തികള്‍ക്ക് ആ ചിലരും മറ്റു ചിലരും ചേര്‍ന്ന് കടിപിടി കൂടുന്നത് ഇല്ലാതാക്കാന്‍ ഇപ്പോഴേ ഒരു വില്‍പ്പത്രമോ ട്രസ്റ്റിന്റെ വ്യക്തമായ പിന്തുടര്‍ച്ചാവകാശമോ ഒക്കെ ഉണ്ടാക്കിയാല്‍ നല്ലത്. ആര്‍ക്ക് എന്ന് ചോദിച്ചാല്‍... ആര്‍ക്കൊക്കെയോ എന്നുത്തരം. എന്തായാലും മരണമില്ലാത്തവരല്ല ആള്‍ദൈവങ്ങള്‍ എന്ന് മനസ്സിലാക്കാനെങ്കിലും സായിബാബയുടെ മരണം ജനങ്ങളെ സഹായിച്ചെങ്കില്‍...
അതുകൊണ്ട് രണ്ടു സാധ്യതകളുണ്ട്...
1. ഇത്രയൊക്കെയേ ഉള്ളോ ഈ സംഭവം എന്ന് കരുതി കുറേപ്പേരൊക്കെ ഈ തട്ടിപ്പുകാരുടെ കാല്‍ക്കീഴില്‍ വീണ്‌ അലമുറയിടുന്നതും തലകുത്തിമറിയുന്നതും ഒഴിവായിക്കിട്ടിയേക്കാം.
2. സായിബാബയുടെ പിന്‍ഗാമിയെന്നു പറഞ്ഞു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരം 'മുടി'യന്മാരായ മാജിക്കുകാര്‍ മുളച്ചു പൊന്താനും നാല്‍പ്പതിനായിരം കോടിക്ക് വേണ്ടിയുള്ള അടി ക്രമസമാധാന പ്രശ്നവും നിയമപ്രശ്നവുമായി പരിണമിക്കാനും അത് കണ്ട് യുക്തിവാദികളായ ദുഷ്ടമനസ്സുകള്‍ക്കു കൈകൊട്ടി ചിരിക്കാനും വകയുണ്ടായേക്കാം. ബാബ പ്രവചിച്ചത് 2030-ല്‍ പിന്ഗാമി വരുമെന്നാണെങ്കിലും മരണം പ്രവചിച്ചത് തെറ്റിയത് അവര്‍ക്കൊരു പിടിവള്ളി ആകാന്‍ സാധ്യതയുണ്ട്.
അപ്പൊ ഇനി അവരായി, അവരുടെ പാടായി...
വാല്‍:
പ്രിയനന്ദന്റെ പുതിയ ചിത്രം പുറത്തിറങ്ങാന്‍ പോകുന്ന സമയം എന്തായാലും നന്നായി. "ഭക്തജനങ്ങളുടെ ശ്രദ്ധക്ക്". ആള്‍ദൈവമായി മാറ്റപ്പെടുന്ന ഒരു സാധാരണക്കാരിയായ സ്ത്രീയുടെ കഥയാണത്രേ പ്രമേയം.  

12 comments:

yousufpa said...

നന്മ ആരു ചെയ്താലും അതിന്‌ മാറ്റ് കുറയുന്നില്ല.എന്നാലും,ആൾ ദൈവങ്ങളേ ഞാൻ പ്രോത്സാഹിപ്പിക്കില്ല.
അമ്മയുടെ ആരാധകരും കാത്തിരുന്നോളൂ...
ഒന്നു മനസ്സിലാക്കിക്കൊള്ളുക.എല്ലാം അറിയുന്ന ഏകദൈവം ഉണ്ട്.അവന്‌ മക്കളില്ല..അവൻ ഏകൻ മാത്രം.

yousufpa said...
This comment has been removed by the author.
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇവരുടെ കയ്യിലെ 'ആയുധം'വെറും ചില തറ മാജിക്കുകള്‍ ആണെന്ന് ഇതിനകം തന്നെ സുതരാം വ്യക്തമാക്കപ്പെട്ടിട്ടും , വിവരവും വിദ്യാഭ്യാസമുള്ളവര്‍ പോലും ഇവരുടെ ചിത്രം വച്ചാരാധിക്കുകയും , തങ്ങളുടെ സ്വന്തം ബന്ധുക്കളോ അയല്‍വാസികളോ പട്ടിനികിടന്നാല്‍ പോലും അവരെ ഗൌനിക്കാതെ ഇത്തരം ദൈവങ്ങള്‍ക്ക് തങ്ങളുടെ നല്ലതോ കേട്ടതോ ആയ ധനം ദാനം ചെയ്യുകയും ചെയ്യുന്നത് എത്രമേല്‍ കഷ്ടമാണ്!

കൂടുതലും പേര്‍ ചെയ്യുന്നത്- താന്‍ തന്റെ പാപമോചനത്തിനും കുറ്റബോധത്തില്‍നിന്ന് രക്ഷപ്പെടാനും വേണ്ടി അഴിമതിയിലൂടെ നേടിയ ധനത്തിലെ ഒരു പങ്കു ഇത്തരം ദൈവങ്ങള്‍ക്ക് സമര്‍പ്പിക്കുക. അത് ആത്യന്തികമായി നന്മയാണോ?
ദൈവം സ്വര്‍ണ്ണത്തിന്റെ മല ഉണ്ടാക്കിയാലും അതില്‍നിന്ന് വിളമ്പിക്കൊടുതാലും മലക്ക് താഴെ അഴിമതിയുടെയും കണ്ണീരിന്റെയും അടിത്തറ ആണെങ്കില്‍ അതിലെന്തു കാര്യം?
ലക്‌ഷ്യം നന്നായിരുന്നാല്‍ മാത്രം പോരാ,മാര്‍ഗവും നന്നായിരിക്കണം..
വളരെ നല്ല പോസ്റ്റ്‌
ഭാവുകങ്ങള്‍

ആളവന്‍താന്‍ said...

കൊട് മാഷേ കൈ.... ഞാനും ഇടണം എന്ന് കരുതിയിരുന്ന ഒരു വിഷയമാണ് ഇത്...

ഷബീര്‍ - തിരിച്ചിലാന്‍ said...

ആ മാജിക്കുകള്‍ കാണിക്കാന്‍ ശ്രമിക്കാതിരുന്നെങ്കില്‍ കുറച്ചുകൂടെ ആള്‍ക്കാരുടെ മനസ്സില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചേനെ എന്നാണ് എന്റെ അഭിപ്രായം. ഇതിനര്‍ഥം ഞാന്‍ ആള്‍ദൈവങ്ങളെ അംഗീകരിക്കുന്നു എന്നല്ല. അദ്ദേഹം ചെയ്ത കാരുണ്യ പ്രവര്‍ത്തികളെ അംഗീകരിക്കുന്നു.

എയ്യാല്‍ക്കാരന്‍ said...

സത്യം ചൂണ്ടിക്കാണിക്കുന്ന ഒരു പോസ്റ്റ്‌ എന്ന് പറയാം.... ആരോ പറഞ്ഞില്ലേ..? ദൈവം മരിക്കുന്നില്ല, പക്ഷെ ആള്‍ ദൈവങ്ങള്‍ മരിക്കും എന്ന്...!

കൊമ്പന്‍ said...

സായി എങ്ങെനെ കാശുണ്ടാക്കിയാലും അതില്‍ കുറച്ചു പാവങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചു എന്നത് നല്ല കാര്യം തന്നെ ആണ്

TPShukooR said...

>>>>>>>>സായി എങ്ങെനെ കാശുണ്ടാക്കിയാലും അതില്‍ കുറച്ചു പാവങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചു എന്നത് നല്ല കാര്യം തന്നെ ആണ്<<<<<<<<

ഓഹോ.. അപ്പോള്‍ കുറച്ചു കൊള്ളയടിച്ച് കാശുണ്ടാക്കിയാലും അത് എങ്ങനെ ചെലവഴിച്ചു എന്നാണോ നോക്കേണ്ടത്?

ആളെ പറ്റിച്ചാലെ അത്ര കാഷ്‌ ഉണ്ടാക്കാന്‍ പറ്റൂ. അത് സന്മാര്‍ഗതിലേറെ ദുര്മാര്ഗത്തില്‍ ചെലവഴിച്ചിട്ടും ഉണ്ട.

ശ്രീജിത് കൊണ്ടോട്ടി. said...

സാക്ഷാല്‍ ബ്രഹ്മാവ്‌ മുതല്‍ സന്തോഷ്‌ മാധവന്‍ വരെയുള്ളവര്‍ എല്ലാം ആള്‍ ദൈവങ്ങള്‍ തന്നെ.. എനിക്ക് തോന്നിയത് സ്സായിബാബ മുതല്‍ സന്തോഷ്‌ മാധവന്‍ വരെയുള്ളവര്‍ ഫ്രോഡുകള്‍ ആണെന്ന് അറിഞ്ഞിട്ടു തന്നെയാണ് ഭക്തര്‍ എല്ലാം അവരെ തേടിപ്പോകുന്നത് എന്നാണ്. അതിനു പല കാരണങ്ങളും ഉണ്ട്. തങ്ങളുടെ വിശ്വാസങ്ങള്‍ എല്ലാം സത്യം ആണെന്നും ശാസ്ത്രീയമാണെന്നും വിശ്വസിക്കുന്ന, വിശ്വാസികള്‍ക്ക്‌ ഇതുകൊണ്ടൊന്നും ഒരു കുലുക്കവും ഉണ്ടാവില്ല. വിശ്വാസം എന്നത് കുടുംബസ്വത്ത് പോലെ പാരമ്പര്യമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന
ഒന്നാണ്. അവയെല്ലാം സത്യമാണെന്ന് ഉറച്ചു വിശ്വസിക്കേണ്ടത് ഓരോ വിശ്വാസിയുടെയും നിര്‍ബന്ധിത ബാധ്യതയും ആണ്. അവര്‍ക്കതിന് മാത്രമേ നിര്‍വാഹമുള്ളൂ.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം (ഇപ്പോള്‍ തന്നെ ഉണ്ട് എങ്കിലും) സായിബാബയെയും ഒരു ദൈവവാതാരമോ, അല്ലെങ്കില്‍ പ്രവാചകനോ ഒക്കെആയി മാറിയേക്കും. ഇന്നത്തെ പല അവതരാരങ്ങളുടെയും, ദൈവദൂതന്‍മാരുടെയും ഭൂതകാലവും ഇതുപോലെയൊക്കെ തന്നെ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്..!!!

abumush താഴെ ചളിക്കല്‍ said...

ഒരു പാട് വിശ്വാസികളെ പെരു വയിയില്‍ ആക്കി ആ ദൈവവും ഇ ലോകത്ത് നിന്നും വിട പറഞ്ഞു ഇനി ഇവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ആരുണ്ട് .......? സ്വന്തം, ദൈവമത്തിന്റെ അസുകം മാറാന്‍ ഈ ആരാധ്യര്‍ ആരോട് പ്രാര്‍ഥിച്ചു കാണും ........? മരിക്കാന്‍ കിടന്ന അളോടോ ....? അതൊ വേറെ ദൈവതോടോ.........? ഹേ മനുഷ്യ നിനെക്ക് ബുദ്ധിയില്ലേ ......? അപ്പോയെങ്കിലും ബുദ്ധിയും വിവേകവുമുള്ള മനുഷ്യന്‍ എന്തു കൊണ്ട് ആലോചികുന്നില്ല ഇത്തരം ദൈവങ്ങളൊക്കെ വെറും നിസ്സഹായര്‍ എന്ന് .....? എത്ര മാത്രം ബുദ്ധി ഹീനര്‍ എന്ന് വേണം കരുതാന്‍ മുപ് ഏറ്റവും വലിയ ദൈവം "ഫിറോന്‍" ദൈവം തമ്പുരാന്‍ മുക്കി കൊന്നു അത് പോലെ ഇനിയും എത്ര എത്ര ദൈവങ്ങള്‍ ബാക്കി മരിക്കാനിരികുന്നു , ഇപോയെങ്കിലും മനുഷ്യന്‍ ചിന്ടികുന്നുണ്ടോ ...? ഇത്തരം ദൈവങ്ങളെല്ലാം മരിച്ചു പോകുന്നതും തന്‍റെ സ്വന്തം കാര്യത്തില്‍ പോലും നിസ്സഹാരനെന്നും ബാക്കിയാകുന്നത് ഓനേ ഒന്ന് മാത്രമേ ഉള്ളൂ എന്നും ...? നമ്മുടെ ഈ ചെറിയ ബുദ്ധി കൊണ്ട് പറയാന്‍ പറ്റുമോ ബുദ്ധി മാരെ പറ്റി ..? പലരുടെയും റോള്‍ മോഡലായ സച്ചിന്‍ വരെ അരാതികുന്ന ദൈവം ഇതാണ് പോലും ...!!! പുത്തി എങ്ങിനെ ..? പോകുന്നു

മഞ്ഞു തോട്ടക്കാരന്‍ said...

" ദൈവം മരിക്കുന്നില്ല, പക്ഷെ ആള്‍ ദൈവങ്ങള്‍ മരിക്കും എന്ന്...!"
ആള്‍ ദൈവങ്ങള്‍ മാത്രമല്ല, എല്ലാ ദൈവങ്ങളും മരിക്കും, ദിനോസോരുകള്‍ക്ക് സംഭവിച്ചത് പോലെ മനുഷ്യ വര്‍ഗം അകെ ഇല്ലാതായാല്‍ ദൈവങ്ങളും ഇല്ലാതാകും. കാരണം ദൈവം എന്ന concept തന്നെ മനുഷ്യന്റെ നിലനില്‍പിലാണല്ലോ.

Sapna Anu B.George said...

ഡോക്ടർ ജി...................ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം.4200 കോടിയുടെ ആസ്തിയുള്ള ഒരാളിന്റെ റ്റെൻഷനും വെപ്രാളവും,മനപ്രയാസവും നിങ്ങളാരും മനസ്സിലാക്കാതെ ഇങ്ങന്റെ കുറ്റം പറഞ്ഞാലോ!!!അന്തിക്രിസ്തുക്കളുടെ കാലം,അതു ദൈവം നേരത്തേകാലത്തെ നമ്മളെ അറിയിച്ചിട്ടുണ്ട്.അന്തിക്രിസ്തുമാരെ മനസ്സിലാക്കാനുള്ള ബോധം നമുക്ക് ഓരൊരുത്തർക്കും അവിടുന്നു തന്നെ കിട്ടിയിട്ടുണ്ട്.ചുമ്മാതാണോ ‘ഈസ്റ്റർ‘ ദിവസം ഈ വിവരം ലോകത്തെ അറിയിക്കാനായി 4200 കോടിയെപ്പറ്റി ഇനി തീരുമാനിക്കാൻ അവകാശം ഉള്ളവർ തിരഞ്ഞെടുത്തത്???

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം