ശിവാജിമഹാരാജാവിന്റെ പിന്തുടര്ച്ചക്കാരനത്രേ ഇദ്ദേഹം. വലിയൊരു സിംഹാസനത്തില്‍ ചടഞ്ഞു കൂടി ഇരിക്കാറാണ് എപ്പോഴും. പണ്ട് വരക്കലായിരുന്നു പണി - കാര്‍ട്ടൂണ്‍. ഇന്ന് പക്ഷെ സ്വയം ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായി മാറിയിരിക്കുന്നു. ഇടയ്ക്കിടെ ചില അപശബ്ദങ്ങള്‍ പുറപ്പെടുവിക്കും. അത് കേട്ട് വെട്ടാനും കുത്താനും പോകുന്ന കുറെ മന്ദബുദ്ധികള്‍ ഇപ്പോളും കൂടെയുണ്ട്. ത്രിശൂലമാണ് പ്രധാന ആയുധം. ഇന്നത് പുറം ചൊറിയാനും പല്ലിനിടയില്‍ കുത്താനും ഉപയോഗിക്കാം. മുംബൈ എന്ന് പറയുന്ന സ്ഥലം ഇദ്ദേഹത്തിന്റെ കുടുംബത്തിനു പാരമ്പര്യ സ്വത്തായി കിട്ടിയതാണെന്ന് പറയപ്പെടുന്നു.
പണ്ട് ഇദ്ദേഹം ഗര്‍ജ്ജിക്കുന്ന ശബ്ദം കേട്ടാല്‍ മഹാരാഷ്ട്ര മുഴുവന്‍ വിറക്കുമായിരുന്നു. ഇന്നിപ്പോള്‍ കൊഴിഞ്ഞ പല്ലിന്റെ ഗാപ്പില് കാറ്റ് കയറുന്നത് കൊണ്ട് അപശബ്ദം മാത്രമേ വരൂ. നല്ലൊരു മരുമോനുണ്ടയിരുന്നത് ആവേശം കൂടിയപ്പോള്‍ ഇറങ്ങിപ്പോയി. മോനെ ഒന്ന് താങ്ങിക്കൊടുതതിന്റെ നഷ്ടം. എത്രയായാലും ഒരു പിതാശ്രീ ആയിപ്പോയില്ലേ? പിന്നെ നടന്ന തെരഞ്ഞെടുപ്പിലൊക്കെ താഴോട്ടായിരുന്നു വളര്‍ച്ച. അങ്ങനെയങ്ങനെ ഒരുമാതിരി കുളംതോണ്ടലൊക്കെ ആയിട്ടുണ്ട്.
അതോടെ ഗര്‍ജ്ജനമെല്ലാം നിര്‍ത്തി വീട്ടിലിരുന്നു തുടങ്ങിയപ്പോഴാണ് ഒരു വള്ളിയില്‍ പിടികെട്ടിയത്. ഒരു മരക്കൊമ്പും പിടിച്ചോണ്ട് പന്തടിച്ചു കളിക്കുന്ന ഒരു ചെക്കന് എന്തോ പറഞ്ഞു. ബച്ചനെന്നോ സച്ചിനെന്നോ ആണ് പേര്. ഇദ്ദേഹത്തിന്റെ നാട്ടുകാരന് തന്നെയാണ്. ഇദ്ദേഹത്തിനീ കളി വലിയ പിടിയില്ലാത്തതു കൊണ്ട് കളി നടക്കുന്ന സ്ഥലം വെട്ടിക്കീറി കുളംതോണ്ടാന്‍ പണ്ട് കുറെ പിള്ളേരെ വിട്ടതാ. പാകിസ്താന് എന്ന് പറഞ്ഞു പേടിപ്പിച്ചപ്പോള്‍ പിള്ളേര് ഓടിച്ചെന്നു. ഇത് പോലുള്ള അണികളാണല്ലോ എല്ലാ നേതാക്കന്മാരുടെയും ശക്തി. നമ്മള്‍ക്കറിയാത്ത കളി കണ്ടു കയ്യടിക്കാന്‍ വേറെ ആള്‍ക്കാരോ? അതൊന്നു കാണണമല്ലോ... പിന്നെയല്ലേ ഈ ചെക്കന്. അവന് മുംബൈക്കാരനാനെങ്കിലും ഇന്ത്യക്കാരനാണ് പോലും. ഇവനൊക്കെ സ്കൂളില്‍ പഠിക്കേണ്ട സമയത്ത് കളിച്ചു നടന്നതിന്റെ ഗുണം. ചരിത്രവും ഭൂമിശാസ്ത്രവും ഒന്നുമറിയില്ല. മുംബൈ രാജ്യത്തെ ഒരു സംസ്ഥാനമാണ് ഇന്ത്യ എന്ന് ആര്‍ക്കാ അറിയാത്തത്. ചെക്കന്റെ വിവരക്കേട് കേട്ടപാതി കേള്‍ക്കാത്ത പാതി ഒന്ന് ഗര്‍ജ്ജിച്ചു. പാവം ചെക്കന് പേടിച്ചു പനിപിടിച്ചു രണ്ടാഴ്ച കിടപ്പിലായെന്നാ കേട്ടത്. സേനാനായകനെ ഇവനൊന്നും അറിയില്ല.
ഇനി വേറെ ഒന്നിനെ പിടിക്കാനുണ്ട്... കുറെ കാലമായി നാട്ടുകാരെ പേടിപ്പിക്കുന്നു... H1N1 ആണ് പോലും. പേര് മറാഠിയിലേക്ക് മാറ്റിയില്ലെങ്കില്‍ ശരിപ്പെടുത്തുമെന്നൊന്നു ഗര്‍ജ്ജിക്കാം. പേടിച്ചു മുംബൈയില്‍ നിന്ന് ഒഴിഞ്ഞു പോയിക്കൊള്ളും... തീര്‍ച്ച.
3 comments:
ഇതിനു ഉത്തരം പറഞ്ഞാല്‍ അത് കൂടി പോകും അത് കൊണ്ട് പറയുനില്ല.
ഡോക്ടറേ അഭിനന്ദനങൾ....
ഇപ്പോള്‍ പറ്റിയ പോസ്റ്റ്!!
Post a Comment