ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

August 20, 2010

മിട്ടായി വേണ്ടാതാകുന്ന കുട്ടികള്‍

കുട്ടിക്കാലത്ത് മിട്ടായിക്ക് വേണ്ടി വാശി പിടിച്ചു കരഞ്ഞിട്ടില്ലാത്ത ആരും ഈ ബൂലോകത്തും ഭൂലോകത്തും ഉണ്ടാവില്ല. സ്കൂളിന് മുന്നിലെ ചെറിയ കടകളില്‍ നിരത്തി വെച്ച പല നിറമുള്ള തിളങ്ങുന്ന കടലാസുകളില്‍ പൊതിഞ്ഞ മധുരം കിനിയുന്ന മിട്ടായികള്‍ നിറച്ച ചില്ലുഭരണികളില്‍ കൊതിയോടെ നോക്കുമ്പോള്‍ വായില്‍ കപ്പലോടിക്കാനുള്ള വെള്ളമുണ്ടാകും. കുട്ടിക്കാലത്ത് മിട്ടായിക്ക് വേണ്ടി വാശി പിടിച്ചു കരഞ്ഞിട്ടില്ലാത്ത ആരും അമ്മയുടെ പിന്നാലെ നടന്നു വാശി പിടിച്ചു കിട്ടുന്ന ചില്ലറപ്പൈസ കയ്യില്‍ പിടിച്ചു ആ ചില്ല് ഭരണികള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും ഒരു തീരുമാനത്തിലെത്താന്‍ കഴിയില്ല, ഏതു വാങ്ങണമെന്ന്. ഒടുവില്‍ ബെല്ലടിക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഏതെങ്കിലും ഒന്ന് വാങ്ങി വായിലിട്ടു ഒറ്റയോട്ടമായിരിക്കും ക്ലാസിലേക്ക്.


ഇതൊക്കെ എന്നെപ്പോലെ സാധാരണ സ്കൂളില്‍ സാധാരണ വിദ്യാര്‍ഥിയായി പഠിച്ചവരുടെ കാര്യം.  ടൈ കെട്ടി, ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് സ്കൂള്‍ ബസ്സില്‍ ഗമയില്‍ പോയിരുന്ന, ഞങ്ങള്‍ തെല്ല് അസൂയയോടെ നോക്കിയിരുന്ന കുട്ടികള്‍ക്കും പക്ഷെ ഈ ഒരു കാര്യത്തില്‍ ഞങ്ങളോട് സാമ്യമായിരുന്നു... മിട്ടായിയുടെ കാര്യത്തില്‍. അവര്‍ തിന്നിരുന്നത് കുറച്ചു വില കൂടിയ ചോക്ക്ലേറ്റ് ആയിരുന്നെങ്കിലും അടിസ്ഥാന പരമായി എല്ലാവരും മധുരക്കൊതിയന്മാര്‍ തന്നെയായിരുന്നു. കുട്ടിക്കാലത്തിന്റെ പ്രിയരുചി എക്കാലത്തും മധുരം തന്നെയാണല്ലോ. വലിയവരായെന്നു അഹങ്കരിക്കുന്ന നമ്മള്‍ ഇന്നും മധുരം കണ്ടാല്‍ പഴയ കുട്ടികളാകുന്നത് ആ രുചിയുടെ മാസ്മരികത കൊണ്ട് തന്നെയാണ്. ഏതു പ്രമേഹരോഗിയായാലും ഒരു ലടുവോ ഒരു ഗ്ലാസ്‌ പായസമോ കണ്ടാല്‍ അറിയാതെ കൈ നീളുന്നതും ഭാര്യയുടെയും മക്കളുടെയും കണ്ണ് വെട്ടിച്ച് അകത്താക്കുന്നതും ഇത് കൊണ്ട് തന്നെയാണ്.


പക്ഷെ കുറച്ചു കാലമായി ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കുന്നു... ഇപ്പോള്‍ കുട്ടികള്‍ക്ക് മിക്കവര്‍ക്കും മധുരത്തോട് പഴയ പോലെ അത്ര താല്പര്യം കാണുന്നില്ല. ക്ലിനിക്കില്‍ വരുന്ന കൊച്ചുകുട്ടികളുടെ കയ്യില്‍ ഒരു ലോലിപോപ്പ് കണ്ട കാലം മറന്നു. ഒറ്റയാളുടെ വായില്‍ പോലും ഒരു മിട്ടായി കാണുന്നില്ല. മിട്ടായി തിന്നു തിന്നു പുഴുപ്പല്ലന്മാരായിപ്പോയവര്‍ തീരെ അപൂര്‍വം. കുട്ടികള്‍ക്കൊക്കെ എന്ത് പറ്റി എന്ന് ആലോചിച്ചു എത്തും പിടിയും കിട്ടാതെ, കുറ്റാന്വേഷണത്വരയോടെ  ഇരുന്നപ്പോഴാണ് ആ കാര്യം മനസ്സിലായത്‌. കുട്ടികളുടെ രുചിലോകത്തെക്ക് ഒരു വില്ലന്‍ കടന്നു വന്നിട്ടുണ്ട്... "lays".


അതെ, ഇന്ന് ഒരു വയസ്സിനു മേലോട്ടുള്ള കുട്ടികളുടെ പ്രിയ ഭക്ഷണം ലെയ്സും അത് പോലുള്ള ചിപ്സും കുര്‍ക്കുരെയും ബിംഗോയും പോലുള്ള എരിവുള്ള കറുമുറു സാധനങ്ങളുമാണ്. ക്ലിനിക്കില്‍ പരിശോധനാമുറിക്ക് പുറത്തിരുന്നു കരയുന്ന കുട്ടികളുടെ കരച്ചില്‍ നിര്‍ത്താന്‍ അമ്മമാര്‍ മിട്ടായി വാങ്ങിത്തരാമെന്ന് പറയുന്നതല്ല ഞാന്‍ കേള്‍ക്കുന്നത്, ലെയ്സ് വാങ്ങിത്തരാമെന്നു പറയുന്നതാണ്. മുറിക്കകത്ത് വരുന്ന അമ്മമാരുടെ തോളിലിരിക്കുന്ന കുഞ്ഞുങ്ങളുടെ കയ്യിലെല്ലാം ലെയ്സിന്‍റെയോ സമാനമായ ഉല്പന്നങ്ങളുടെയോ പാക്കറ്റുണ്ട്.


എന്താണ് രുചിയിലെ ഈ മാറ്റത്തിന് കാരണം? സൈഫ്‌ അലിഖാനും മറ്റും ഉള്‍പ്പെടുന്ന പരസ്യങ്ങളും അതിന്റെ നിര്‍മ്മാതാക്കളായ കുത്തകഭീമന്‍റെ വിപണന തന്ത്രങ്ങളും മാത്രമാണോ ഇതിനു കാരണം? പരസ്യം കണ്ടു ഒരിക്കല്‍ വാങ്ങി നല്‍കിയേക്കാം. പക്ഷെ വീണ്ടും വീണ്ടും കഴിക്കാന്‍ താത്പര്യം തോന്നുന്നത് അഡിക്ഷന്‍ ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ അതില്‍ ഉള്ളത് കൊണ്ടാണെന്ന് നിസ്സംശയം പറയാം. അല്ലാതെ ഇതുപോലെ എരിവും പുളിയുമൊക്കെ ഉള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കൊച്ചു കുഞ്ഞുങ്ങള്‍ ഒരിക്കലും വാങ്ങിത്തിന്നില്ല. ഇന്ന് ഒരുപാട് കുട്ടികളുടെ നാവില്‍ വട്ടത്തില്‍ അടര്‍ന്നു പോയ പോലുള്ള പാടുകളും ഭക്ഷണം കഴിക്കാന്‍ പറ്റാത്ത രീതിയില്‍ എരിവുണ്ടാകുകയും ചെയ്യുന്നുണ്ട്. വിറ്റാമിന്‍ കുറവെന്നും മറ്റും പറഞ്ഞു ഭൂരിപക്ഷം ഡോക്ടര്‍മാരും തള്ളിക്കളയാറുണ്ടെങ്കിലും ഇതിന്‍റെ ഒരു പ്രധാന കാരണം ഇത്തരം "കറുമുറുകള്‍" തന്നെയാണ്. ശരീരത്തിന് യാതൊരു ഗുണവും ചെയ്യാത്ത ഇത്തരം "ജങ്ക് ഫുഡ്സ്" അതേ സമയം ദോഷങ്ങള്‍ ഏറെ ഉണ്ടാക്കുന്നുമുണ്ട്. "കൊളസ്ട്രോള്‍ ഫ്രീ" എന്ന് പുറത്ത്‌ എഴുതിയിട്ടുണ്ടെങ്കിലും അതിന്റെ നേരെ എതിരാണ്‌ യാഥാര്‍ത്ഥ്യം.


ഈ പുതിയ ഭക്ഷണ രീതി തടയാന്‍ മുന്കയ്യെടുക്കേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. കുട്ടികള്‍ക്ക് ലെയ്സും കുര്‍ക്കുരെയും ബിംഗോയും വാങ്ങിക്കൊടുക്കുന്നത് നിര്‍ത്തി വല്ലപ്പോഴുമെങ്കിലും ഒരു മിട്ടായി വാങ്ങിക്കൊടുക്കൂ...അവരുടെ രുചിമുകുളങ്ങള്‍ സ്വതസിദ്ധമായ അവസ്ഥയിലെത്തട്ടെ. അങ്ങനെ ഭാവി തലമുറ നിത്യരോഗികളാകാതിരിക്കട്ടെ.



8 comments:

Unknown said...

നല്ല ലേഖനം. പക്ഷെ രക്ഷിതാക്കള്‍ക്ക് ആര് ക്ലാസ്സെടുക്കും? അവര്‍ പരിശീലിപ്പിക്കപ്പെടേണ്ടതുണ്ടായിരുന്നു!

വേദവ്യാസന്‍ said...

രക്ഷിതാക്കളെ ബോധവല്‍ക്കരിച്ചാലേ ഇതിനൊരു മാറ്റം ഉണ്ടാകുകയുള്ളു

Vinodkumar Thallasseri said...

ലെയ്‌സ്‌, കുര്‍കുറെ കമ്പം ശ്രദ്ധയില്‍ പെട്ടിരുന്നു. പക്ഷെ, അതിണ്റ്റെ കാര്യകാരണങ്ങളിലേക്ക്‌ ശ്രദ്ധ പോയിരുന്നില്ല. നന്ദി, ഇക്കാര്യം ശ്രദ്ധിച്ചതിനും അത്‌ ഞങ്ങളിലേക്ക്‌ പകര്‍ന്നതിനും.

നീലത്താമര said...

അവസരോചിതമയ ലേഖനം ...

പിന്നെ, കൊളസ്റ്ററോള്‍ ഫ്രീ എന്ന് എഴുതിയത്‌ ... ഇത്തരം ജങ്ക്‌ ഫുഡ്‌ വാങ്ങുമ്പോള്‍ അതിന്റെ കൂടെ കൊളസ്റ്ററോള്‍ ഫ്രീ ആയി നമുക്ക്‌ ലഭിക്കുന്നു എന്ന് കരുതിയാല്‍ മതി ...

എല്ലാവര്‍ക്കും ഞങ്ങളുടെ ഓണാശംസകള്‍ ...

Abdulkader kodungallur said...

വളരെ കാലിക പ്രസക്തിയുള്ള ലേഖനം . കുര്‍ക്കുറെ പോലുള്ള പായ്കറ്റ് വിഭവങ്ങളെ ക്കുറിച്ച് അടുത്തിടെ ഒരു ലേഖനം വായിച്ചപ്പോള്‍ ഞെട്ടിപ്പോയി.
അതില്‍ പ്ലാസ്ടിക്കിന്റെയും മറ്റു വിഷാംശങ്ങളുടെയും അളവ് സാമാന്യത്തിലും അധികമാണെന്നും സ്ഥിരമായി ഉപയോഗിച്ചാല്‍ ക്യാന്‍സര്‍ വരെ പിടിപെടാനും, കുടല്‍ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുവാനും സാധ്യത കൂടുതലാണെന്നും എഴുതിക്കണ്ടു . ഡോക്ടരുടെ ഇത്തരം ബോധനത്തെ അഭിനന്ദിക്കുന്നു.

K@nn(())raan*خلي ولي said...

ഡോക്ടറെ കലക്കി. ആര്‍ത്തിപ്പണ്ടാരങ്ങലായ ഡോക്ടര്‍മാര്‍ ബ്ലോഗ്‌ തുടങ്ങി ഇത്തരം സാമൂഹ്യമായ ഇടപെടലുകള്‍ നടത്തണമെന്നാണ് കണ്ണൂരാന്റെ അഭിപ്രായം. ഡോക്ടറെ ദൈവം അനുഗ്രഹിക്കും.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പ്രതികരണങ്ങള്‍ക്ക് നന്ദി. ഭക്ഷണ-ആരോഗ്യമേഖലകളിലെ കുത്തകകളുടെ കടന്നു കയറ്റ്ങ്ങള്‍ക്കെതിരെ നമുക്ക് പ്രതികരിക്കാം...
@കണ്ണൂരാന്‍.
ആര്തിപ്പണ്ടാരങ്ങളല്ലാത്ത ഡോക്ടര്മാരുമുണ്ട്.പിന്നെ ബ്ലോഗിലൂടെ സാമൂഹ്യ ഇടപെടല്‍ നടത്തുന്നതിലും ബുദ്ധിമുട്ടാണ് വല്ലവന്മാരും അതിലോട്ട് ഒന്ന് കയറി വായിച്ചു കിട്ടാന്‍... പ്രതികരണത്തിന് നന്ദി

Anonymous said...

സമകാലിക പ്രശ്നങ്ങൾ എന്ന ബ്ലോഗെഴുതുന്ന്
കാളിദാസൻ എന്ന പേരിലുള്ളവന്റെ വിശേങ്ങൾ അറിയാൻ വിസിറ്റ് ചെയ്യുക http://samakaleesam.blogspot.com

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം