ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

January 27, 2011

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ (3) - "എലന്തക്കേന്റെ ഇല"

 കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മറ്റൊരു സംഭവം... സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം കഴിഞ്ഞു ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ഇരു മുന്നണികളും. സ്ഥലത്തെ പ്രധാന പയ്യന്‍സിനെ... സോറി ... കാരണവന്മാരെയൊക്കെ വീട്ടില്‍ കയറി കയ്യും കാലും പിടിക്കുന്ന കലാപരിപാടി തുടങ്ങിയിട്ടുണ്ട്. ഒരു വൈകുന്നേരം... ഏകദേശം ആറു മണി ആയിക്കാണും. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഒരു പാര്‍ട്ടി അനുഭാവിയുടെ വീടിന്റെ ഗേറ്റിനു സമീപം നില്‍ക്കുന്നു. കൂടെ വീട്ടുടമസ്ഥനും രണ്ടു പ്രവര്‍ത്തകരും. രണ്ടു സ്ത്രീകള്‍ എല്ലാ വീടുകളിലും കയറി ഇറങ്ങി എന്തൊക്കെയോ സംസാരിച്ചു വരുന്നുണ്ട്. അടുത്തെത്തിയപ്പോള്‍ സ്ഥാനാര്‍ഥിക്ക് ആളുകളെ മനസ്സിലായി... എതിര്‍ സ്ഥാനാര്‍ഥിയുടെ ഭാര്യയും പെങ്ങളും. അവര്‍       സ്ഥാനാര്‍ഥിയെ ഒന്ന് നോക്കി ഗേറ്റിനകത്തെക്ക് കയറിപ്പോയി. വീട്ടുടമസ്ഥനും മറ്റുള്ളവരും പിന്നാലെ. മുന്‍ വാതിലിനടുത്തെത്തി അവര്‍ അകത്തെ സ്ത്രീകളെ വിളിച്ചു ചോദിച്ചു.. 'ഇവിടെ "എലന്തക്കേന്റെ ഇല" ഉണ്ടോ? ഒരു മരുന്നിനാണ്'.  'ഇതെന്തു സാധനം?' എന്ന മട്ടില്‍ മേല്‍പ്പോട്ടു നോക്കിയ ഗൃഹനാഥയോട് സ്ത്രീകള്‍ നാട്ടുകാര്യവും വീട്ടു വിശേഷവുമൊക്കെ പറഞ്ഞു തുടങ്ങി. അവസാനം ഒരു കാര്യവും കൂടി പറഞ്ഞു.. 'തെരഞ്ഞെടുപ്പിന് ഭര്‍ത്താവ് / ആങ്ങള നില്‍ക്കുന്നുണ്ട്, വോട്ട്‌ ചെയ്യണം...' ഉദ്ദിഷ്ട കാര്യം സാധിച്ച   സന്തോഷത്തില്‍ പ്രചാരകമാര്‍ തിരിച്ചു നടന്നു. "ഇല്ലാത്ത രോഗത്തിന് കിട്ടാത്ത മരുന്ന്" എന്ന് പറയുന്നത് പോലെ "കിട്ടേണ്ട വോട്ടിനു ഇല്ലാത്ത ഇല". അല്ലാതെന്തു പറയാന്‍? വഴിയില്‍ സ്ഥാനാര്‍ഥിയോടും ചോദിച്ചു.. ഇല. സ്ഥാനാര്‍ഥി പറഞ്ഞു... "എനിക്ക് ഇലയും മുള്ളും ഒന്നും അറിയില്ല. ഒന്നറിയാം. ഞാനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്ന കാര്യം". എന്തായാലും അതോടെ അന്നത്തെ അവരുടെ ഇല പര്യവേക്ഷണം അവസാനിച്ചു.
ആന്റി ക്ലൈമാക്സ്:
എന്താണീ ഇല എന്ന് കുറേപ്പേര്‍ പിറ്റേന്ന് മുതല്‍ അന്വേഷണം തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞു മഴ മൂലം സ്ക്വാഡ് നിര്‍ത്തി വെച്ചു കട വരാന്തയില്‍ കൂട്ടം കൂടി നില്‍ക്കുമ്പോളാണ് എന്തോ വലിയ കാര്യം പോലെ ഒരു കുറ്റാന്വേഷകന്‍ പറഞ്ഞു തുടങ്ങിയത്... "മഴ പെയ്യാനുള്ള കാരണം ഇപ്പോഴല്ലേ മനസ്സിലായത്‌. ഇന്നലെ മൊയിലിയാര്‍ പറഞ്ഞിരുന്നു എന്തിനാ ഈ  "എലന്തക്കേന്റെ ഇല" ഉപയോഗിക്കുന്നത് എന്ന്.' ഒന്ന് നിര്‍ത്തി മൂപ്പര്‍ തുടര്‍ന്നു..."കൂടോത്രത്തിനാ". അതും പറഞ്ഞു ആള്‍ തുടങ്ങിയ ചിരി ഞങ്ങള്‍ തെരഞ്ഞെടുപ്പ് കഴിയുന്നത്‌ വരെ നിര്‍ത്തിയില്ല... തെരഞ്ഞെടുപ്പില്‍ വന്ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജയിച്ചപ്പോള്‍ മനസ്സിലായി കൂടോത്രത്തിന്റെ ശക്തി...

3 comments:

തുഞ്ചന്‍പറമ്പ് മീറ്റ് said...

ഈ തെരഞ്ഞെടുപ്പു വിദ്വാന്മാരാവണം ഔഷധച്ചെടികളുടെ പേരിടല്‍ കര്‍മ്മങ്ങള്‍ നിര്‍‌വഹിച്ചത്. ദാ അടുത്ത തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കുന്നു. ഇനിയെന്തെല്ലാം കേള്‍ക്കണം....

Unknown said...

ഈ ഇല എവിടെയും കിട്ടാനില്ലാത്തവിധം ആയിപ്പോയതിനും കാരണം തിരയേണ്ടതില്ലോ!
:)

Unknown said...

:))

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം