ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

January 14, 2011

കേരള "മോഷണ" യാത്രയും കേരള "ശിക്ഷാ പട" യാത്രയും.

തെരഞ്ഞെടുപ്പ് ആവാറായി. ഖദറിട്ടവര്‍ക്കൊക്കെ കേരളത്തിന്റെ വടക്കേ അറ്റത്തു മഞ്ചേശ്വരം എന്നൊരു സ്ഥലമുള്ള കാര്യം ഓര്‍മ്മ വന്നു തുടങ്ങി. റോഡരുകിലെ കച്ചവടക്കാര്‍ക്കൊക്കെ കട പൂട്ടേണ്ട അവസ്ഥയായി, പിരിവ് ഭയന്ന്. പതിവ് പോലെ ആദ്യം തുടങ്ങിയത് യു.ഡി.എഫ്. തന്നെ. പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞു അരയും തലയും മുറുക്കി അടുത്ത മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പില്‍ പുതിയ നാലഞ്ചു ഖദര്‍ കുപ്പായം വാങ്ങി,  ലാളിത്യം വെളിവാക്കാന്‍ ബ്ലേഡു വെച്ചു കീറി, ചുളിച്ചു വെച്ചിട്ടുണ്ട്. യാത്രയുടെ ഡ്രൈവറായാല്‍ അടുത്ത     മുഖ്യമന്ത്രിയാകാമെന്നാണ് അര്‍ത്ഥമെന്നു കരുതി കുറെ ശിങ്കിടികള്‍ ഇപ്പോളെ പിന്നാലെ കൂടിയിട്ടുണ്ട്. പക്ഷെ അതൊന്നും നടപ്പില്ലെന്ന് വരികള്‍ക്കിടയില്‍ വ്യക്തമാക്കുന്ന രീതിയില്‍ ചെന്നിത്തല ഉദ്ഘാടന പ്രസംഗം നടത്തിയപ്പോള്‍ യാത്ര ഇടയ്ക്കു വെച്ചു നിര്‍ത്തി പോകാന്‍ വയ്യാത്ത പരുവത്തിലായി പാവം ചാണ്ടി. രണ്ടു സ്മാര്‍ട്ട് സിറ്റി കൊണ്ട് വരുമത്രേ യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍. ഈ സ്മാര്‍ട്ട് സിറ്റി എന്ന സാധനം   ചാലകമ്പോളത്തില്‍ വില്‍ക്കാന്‍ വെച്ചിരിക്കുകയാണോ ഇവരൊക്കെ ചെന്നാല്‍ എടുത്തു കൊണ്ട് വരാന്‍? തിരൂരിലെ ഗള്‍ഫ് ബസാറില്‍ പോലുമില്ല മരുന്നിനു പോലും ഒരു സ്മാര്‍ട്ട് സിറ്റി, പിന്നല്ലേ...
എന്തായാലും കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുതെന്നു ചാണ്ടിക്കിപ്പോ രണ്ടാമതും മനസ്സിലായി(ഈച്ചയും ചക്കരയും പോലെ കഴിഞ്ഞ പഴയ ഉറ്റ സ്നേഹിതന്‍ ഇപ്പൊ ഐസ്ക്രീം കണ്ട കുഞ്ഞാലിക്കുട്ടിയെ പോലെ ആണല്ലോ ചാണ്ടിയെ കാണുമ്പോള്‍). ഒന്നും    കാണാതല്ലല്ലോ ചെന്നിത്തലയുടെ പ്രസ്താവന. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നതുപോലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ചാണ്ടി മാത്രമല്ല താനുമുണ്ട് എന്ന് ഗൂഡമായി ചാണ്ടിക്ക് മനസ്സിലാക്കി കൊടുക്കാന്‍ പറ്റി. പോരാത്തതിന് ഇനി കഷ്ടകാലത്തിനു യു.ഡി.എഫ്. വന്നു ചാണ്ടി മുഖ്യമന്ത്രിയായാല്‍ ഭൂലോക പണി കിട്ടുമെന്ന് ഉറപ്പാക്കി കൊടുക്കാനും പറ്റി. ഒന്ന് തന്നെ ഉണ്ടാക്കാന്‍ പറ്റില്ലെന്നുറപ്പുള്ളപ്പോ രണ്ടെണ്ണം ഉണ്ടാക്കും എന്ന് പറഞ്ഞാല്‍ ഉണ്ടാക്കാത്തതിന്റെ പേരുദോഷം മുഴുവന്‍ ഏറ്റുവാങ്ങി ചാണ്ടിയുടെ ജീവിതം കോഞ്ഞാട്ടയാകും എന്ന് മനസ്സിലാക്കാന്‍ പുതിയ നേതാവ് അബ്ദുല്ലക്കുട്ടീടെ ബുദ്ധി മാത്രം മതി.
കേരളത്തെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പ് സ്വന്തം പാര്‍ട്ടി ഭരിച്ചു മുടിക്കുന്ന ഭാരതത്തെ കൂടി ഒന്ന് മോചിപ്പിക്കാന്‍ യാത്ര പോയിട്ട് ഒരു പ്രസ്താവന എങ്കിലും നടത്താന്‍ ധൈര്യമുണ്ടോ ഈ ഭരണമോഹികള്‍ക്ക്? സ്പെക്ട്രം, കോമണ്‍ വെല്‍ത്ത്, ഐ.പി.എല്‍, ഫ്ലാറ്റ്.. പിന്നെ വീണ്ടും വന്ന ബോഫോര്സ്...  ഇനിയും നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ മോഷണങ്ങളുടെ പരമ്പര... കട്ടുമുടിക്കുന്നതിനിടയില്‍ ഭരിക്കാന്‍ മറന്നു പോകുന്നത് കൊണ്ട് വിലയും നാണയപ്പെരുപ്പവും കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിന്റെ എണ്ണം പോലെ കൂടിക്കൊണ്ടേ ഇരിക്കുന്നുണ്ട്‌. എന്നാലും പെട്രോള്‍ വില കമ്പനികള്‍ക്ക് തീരുമാനിക്കുന്നതിന് അവസരം കൊടുത്തത് പോലുള്ള തുഗ്ലക്കന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ഇഷ്ടം പോലെ സമയവുമുണ്ട്. ഇത്രയൊക്കെ ചെയ്ത കേന്ദ്ര ഭരണ പാര്‍ട്ടി ജനങ്ങള്‍ക്ക്‌ ഉപകാരം ചെയ്ത കേരളസര്‍ക്കാരില്‍ നിന്നു കേരളത്തെ മോചിപ്പിക്കാന്‍ യാത്ര നടത്തുമ്പോള്‍ വിരോധാഭാസം എന്നല്ലേ പറയാന്‍ പറ്റൂ... ഇനിയിപ്പോ പെരിന്തല്‍മണ്ണ മലപ്പുറത്തിന്റെ ഭാഗമല്ല, പാണക്കാടാണ് മലപ്പുറത്തിന്റെ തലസ്ഥാനം എന്ന് പറയാതെ പറഞ്ഞ ലീഗുകാരെ പോലെ കേരളം ഇന്ത്യയിലല്ല എന്നെങ്ങാന്‍ പറഞ്ഞു കളയുമോ? രണ്ടു സ്മാര്‍ട്ട് സിറ്റി കൊണ്ട് വരുമെന്ന് പറഞ്ഞവര്‍ക്ക് എന്താ പറഞ്ഞു കൂടാത്തത്?
എന്തായാലും സംഭവം തുടങ്ങിയിട്ടുണ്ട്, കൂടെ പതിവ് പോലെ അടിയും.  സ്വീകരണത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ വരെ അടി, അപ്പൊ പിന്നെ സ്വീകരണത്തില്‍ എന്തായിരിക്കും പുകില്? കാസര്‍ഗോഡ്‌ മരണവീട് സന്ദര്‍ശിക്കാന്‍ ചെന്ന ചാണ്ടിയെയും പടയെയും ലീഗുകാര്‍ തന്നെ തടഞ്ഞെന്നാണ് വാര്‍ത്ത. കാസര്‍ഗോഡ്‌ എം.എല്‍.ഏ സി.റ്റി.അഹമ്മദലിയോടു "താന്‍ കാസര്‍ഗോട്ടെ എം.എല്‍.ഏ ആണോടോ" എന്ന് വരെ ചോദിച്ചത്രേ ലീഗുകാര്‍. ഇനിയെന്തൊക്കെ കാണേണ്ടി വരുമോ ആവോ? കെ.കരുണാകരന്റെ ശാപം അത്ര പെട്ടെന്നൊന്നും ഒഴിഞ്ഞു പോകില്ലല്ലോ...
ഇതിനിടയില്‍ വേറൊരു യാത്ര തുടങ്ങാന്‍ കുറേപ്പേര്‍ വടിയും ട്രൌസരുമായി മഞ്ചേശ്വരത്തെക്ക് പോയിട്ടുണ്ട്. ചില്ലറക്കാരല്ല,  കുറച്ചു കൂടിയ പാര്‍ട്ടി ആണ്. സ്വാധീനം കൂടുതലായതു കൊണ്ട് ഇതുവരെ നിയമസഭയില്‍ മഴ വന്നപ്പോള്‍ പോലും കയറി നില്‍ക്കേണ്ടി വന്നിട്ടില്ല. മഞ്ചേശ്വരം നമ്മുടെ സ്വന്തം സ്ഥലമാണെന്നാണ് വെപ്പ്. പക്ഷെ കാര്യത്തോടടുക്കുമ്പോള്‍ അതൊന്നും കാണാറില്ല. അതുകൊണ്ട് ഇത്തവണ  സുരേന്ദ്രന്‍ജിയോട്  നേരത്തെ  തന്നെ പറഞ്ഞു.. അവിടെ പോയി തപസ്സിരുന്നോളാന്‍,  താമര വിരിഞ്ഞില്ലെങ്കിലും ആ ശല്യം എങ്കിലും ഒഴിഞ്ഞു കിട്ടുമല്ലോ...‍. പണ്ടൊക്കെ ഇക്കൂട്ടര്‍ യാത്ര നടത്തുമ്പോള്‍ രഥമായിരുന്നു പ്രധാന കഥാപാത്രം. ആകെപ്പാടെ കളര്‍ഫുള്‍ ആയിരുന്നത് കൊണ്ട് കാണാനൊരു ഗുമ്മുണ്ടായിരുന്നു.  ഇപ്പൊ പിന്നെ രഥമൊക്കെ ഔട്ട്‌ ഓഫ് ഫാഷന്‍ ആയല്ലോ. അത് കൊണ്ട് നടന്നങ്ങു പോയേക്കാമെന്നു കരുതി... പദയാത്ര. ഒരു ചെയിഞ്ച് ആര്‍ക്കാ ഇഷ്ടമല്ലാത്തത്‌? ബി.ജെ.പി ഇപ്പൊ പാവപ്പെട്ട പാര്‍ട്ടി ആണല്ലോ..(പാവപ്പെട്ടവന്റെ പാര്‍ട്ടി അല്ല). കേന്ദ്രത്തില്‍ മേല്‍വിലാസം ഇല്ലാതായിട്ട് കാലം കുറെ കഴിഞ്ഞു. കേരളത്തില്‍ അതൊട്ട്‌ ഒരിക്കലും ഉണ്ടാകാനും പോകുന്നില്ല. എന്ന് വെച്ചു പണമില്ലാത്തത് കൊണ്ടാണ് നടന്നു പോകുന്നത് എന്ന് ആരും തെറ്റിദ്ധരിക്കരുത്. പഴയ പോലെ അടുപ്പമില്ലാതെ നില്‍ക്കുന്ന പരിവാരങ്ങളെ കുറച്ചു ദൂരം പദസഞ്ചലനം നടത്തിയെങ്കിലും അടുപ്പിച്ചേക്കാം എന്ന് കരുതിയാ...
എന്തായാലും മോഷണം ശീലമാക്കിയവരുടെ കേരളമോചനയാത്രയും വര്‍ഗീയത പടര്‍ത്തി കേരളത്തെ ശിക്ഷിച്ച ചരിത്രം മാത്രമുള്ളവരുടെ കേരള രക്ഷാ പദ യാത്രയും കേരളത്തെ എവിടെയൊക്കെ കൊണ്ടെത്തിക്കും എന്ന് കാത്തിരുന്നു കാണാം.

8 comments:

Unknown said...

വെറുതെ വന്നതാണ്.രാഷ്ട്രീയത്തില്‍ പിടിപാടില്ല.
: )

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വന്നതിനു നന്ദി.. കുറെ തവണ വന്നാല്‍ പിടി പാടൊക്കെ താനേ ഉണ്ടായിക്കോളും. കുളം കലക്കാന്‍ ഇടയ്ക്കു വരാം...

ജനശക്തി said...

ഈ യാത്രയിലെ അവകാശവാദങ്ങളും പ്രസംഗങ്ങളും വായിക്കാന്‍ നല്ല തമാശയാണ്.

Anonymous said...

അല്ല ഡോക്ടറെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി മാത്രമേ ഇതൊന്നും ഇല്ലാത്ത നല്ലതായിട്ടുള്ള ഒരു പാര്ട്ടിയുളോ...
പണ്ടോരാശാന്‍ കേരള മോചന യാത്ര നടത്തി കേരളത്തെ മോചിപ്പിച്ചത് മറന്നോ?

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

@ജനശക്തി & C.K.Samad
വന്നതിനും കമന്റിയതിനും നന്ദി.
@Anonymous
മുഖമില്ലാതവരോട് സംസാരിക്കാന്‍ താല്പര്യമില്ല. എങ്കിലും പറയാം. യാത്ര നടത്തുന്നത് തെറ്റൊന്നുമില്ല. സ്വന്തം പാര്‍ട്ടിയുടെ കോടികളുടെ അഴിമതികള്‍ മറച്ചുവെച്ചു ജനോപകാരപ്രദമായ പരിപാടികള്‍ നടപ്പാക്കിയ എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരെ - അതും തെരഞ്ഞടുപ്പിനു മുന്‍പ് മുഖ്യമന്ത്രി സ്ഥാനം ലക്‌ഷ്യം വെച്ച്-യാത്ര നടത്തുന്നതിനെയാണ് എതിര്‍ത്തത്. ഇന്നുള്ള പാര്‍ട്ടികളില്‍ അല്‍പ്പമെങ്കിലും മെച്ചമായത്‌ സി.പി.എം മാത്രമേ ഉള്ളൂ.

Anonymous said...

best wishes

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത് നൂറു ശതമാനം ശരി തന്നെ.
പക്ഷെ ഒരു രാഷ്ട്രീയ കക്ഷിയും ഇതില്‍നിന്നോഴിവല്ല എന്നതു അതിനേക്കാള്‍ ശരി.

Unknown said...

കേന്ദ്രത്തിലിരുന്ന് കട്ടു മുടിക്കുകയും കേരളാ ഗവ: കുറ്റം പറയുകയും ചെയ്യുന്ന രാഷ്ട്രീയ കോമാളികള്‍ നടത്തുന്ന യാത്രയല്ലെ ചുമ്മാ നടത്തട്ടെ

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം