ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

January 18, 2011

ശവത്തെക്കൊണ്ടും സല്യൂട്ട് ചെയ്യിക്കുമോ?

ഇതൊക്കെ കാണുമ്പോള്‍ ആണ് ഡോക്ടര്‍ ആകേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത്. ജനങ്ങള്‍ ഡോക്ടര്‍മാരെ പറ്റി "നല്ല" അഭിപ്രായം പറയുമ്പോള്‍ നമ്മള്‍ കൂടി അതില്‍ പെടുമല്ലോ. കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന വാര്‍ത്തയാണിത്.. അതും ഈയുള്ളവന്റെ സ്വന്തം നാടായ തിരൂരില്‍. ഇത്ര   ബോധമില്ലാത്തവരൊക്കെ എങ്ങനെ ഡോക്ടര്‍ ആകുന്നു എന്നാണിപ്പോ ഈയുള്ളവന്റെ സംശയം.
ആത്മഹത്യ പോയിട്ട് സാധാ മരണം ആണെങ്കില്‍ പോലും ഏതു കഠിന ഹൃദയനാണെങ്കിലും മനസ്സിന്റെ ഏതെങ്കിലും  കോണില്‍ ഒരു നൊമ്പരം ഉടലെടുക്കും. ശവം കീറി പഠിച്ചെന്നു കരുതി മാനുഷികമായ  വികാരങ്ങള്‍ ആരും നഷ്ടപ്പെടുത്താറില്ലെന്നാണ് അഞ്ചാറു കൊല്ലം മെഡിക്കല്‍ കോളേജില്‍ പഠിച്ചിട്ടും ഈയുള്ളവന് മനസ്സിലായിട്ടുള്ളത്. ജീവിതം അവസാനിച്ച ഒരു ശരീരം മുന്നില്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍, പുറത്തു അയാളുടെ ഉറ്റവരും ഉടയവരും കണ്ണീരൊപ്പുമ്പോള്‍ എത്രയും പെട്ടെന്ന് ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്തി മൃതദേഹം വിട്ടു കൊടുക്കുകയാണ് "ഹിപ്പോക്രാറ്റിക് ഓത്" ഹൃദയത്തില്‍ തൊട്ടു ഉരുവിട്ട ഒരു ഡോക്ടര്‍ ചെയ്യേണ്ടത്. അല്ലാതെ ഔദ്യോഗികമായി തന്നെക്കാള്‍ താഴെ നില്‍ക്കുന്ന ഒരു പോലീസുകാരനില്‍ നിന്നും സല്യൂട്ട് ചോദിച്ചു വാങ്ങുകയോ അയാള്‍ അത് ചെയ്തില്ലെങ്കില്‍ ചെയ്യിപ്പിക്കുകയോ അനാവശ്യമായ രംഗങ്ങള്‍ സൃഷ്ടിക്കുകയോ അല്ല. 
 ഈയുള്ളവന്‍ മലപ്പുറത്ത്‌ പ്രാക്ടീസ് ചെയ്യാറുള്ളത് കൊണ്ട് എം.എസ്.പിയില്‍ ജോലി ചെയ്യുന്ന പല പോലീസുകാരും പരിശോധനക്കായി വരാറുണ്ട്. അവര്‍ മുറിയില്‍ കയറുന്നതിനു മുന്‍പ് സല്യൂട്ട് ചെയ്യുന്നത് വളരെ അരോചകമായി തോന്നിയതുകൊണ്ട് അവരെ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. ഡോക്ടര്‍ക്ക് മുന്നില്‍ പരിശോധനക്കായി വരുന്നയാള്‍ പണക്കാരനായാലും പാവപ്പെട്ടവനായാലും പോലീസുകാരനായാലും മന്ത്രിയായാലും കേവലം രോഗി മാത്രമാണ്. അവരുടെ രോഗാവസ്ഥയില്‍ സാന്ത്വനം പകരാനും മെച്ചപ്പെട്ട ചികിത്സ നല്‍കി രോഗം മാറ്റിക്കൊടുക്കാനും ആണ് ഡോക്ടര്‍ ശ്രമിക്കേണ്ടത്. ഔദ്യോഗിക രംഗത്തായാലും സല്യൂട്ട് ചെയ്യാതിരുന്നത് പോലീസുകാരന്റെ വീഴ്ചയാണെങ്കില്‍ കൂടി അയാള്‍ സല്യൂട്ട് ചെയ്യാത്തത് കൊണ്ട് പോസ്റ്റ്‌ മോര്‍ട്ടം വൈകിച്ച ഡോക്ടര്‍ അക്ഷന്തവ്യമായ തെറ്റാണ് ചെയ്തത്. ബഹുമാനം നേടേണ്ടത് പെരുമാറ്റത്തിലൂടെ ആണ്, അല്ലാതെ ചോദിച്ചു വാങ്ങുകയല്ല വേണ്ടത്. സി.ഐ. സ്ഥാനത്തിനു തുല്യയായത് കൊണ്ട് സല്യൂട്ട് കിട്ടണമെന്ന് അത്രയ്ക്ക് പൂതിയാണെങ്കില്‍ ഡോക്ടര്‍ ആകേണ്ടായിരുന്നല്ലോ... സി.ഐ.ആകാമായിരുന്നില്ലേ? 
ഡോക്ടര്‍മാരെ സമൂഹം തങ്ങളുടെ കൂട്ടത്തില്‍ പെടുത്താതെ വെറും പണമുണ്ടാക്കുന്ന യന്ത്രങ്ങള്‍ എന്ന നിലയില്‍ മുഖ്യ ധാരയില്‍ നിന്നും മാറ്റി നിര്ത്തുന്നു എന്ന് എന്റെ ഒരു അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാനൊരു പോസ്റ്റ്‌ ഇട്ടിട്ടുണ്ടായിരുന്നു (ഞങ്ങളിലും മനുഷ്യരുണ്ട് ). പക്ഷെ ആ അവസ്ഥ സൃഷ്ടിക്കപ്പെടുന്നതിനു കാരണം മേല്‍പ്പറഞ്ഞ വാര്‍ത്തയില്‍ പറഞ്ഞത് പോലുള്ള കഥാപാത്രങ്ങളാണ്. കഴുത്തില്‍ ഒരു കുഴല്‍ വീണു കിട്ടിയാല്‍ ഏതു വിധേനയും നാല് ചക്രമുണ്ടാക്കുക എന്നത് മാത്രം ജീവിതമന്ത്രമായി കാണുന്ന, ആരുടെ കഴുത്തു വെട്ടിയിട്ടും ഏതു പെണ്ണിന്റെ അവിഹിത ഗര്‍ഭം കലക്കിയിട്ടും സ്കാനിംഗ്-ലാബ് മുതലാളികളുടെ പിച്ചക്കാശിനു വേണ്ടി പാവപ്പെട്ടവര്‍ക്ക് അവരുടെ രോഗവുമായി യാതൊരു ബന്ധവുമില്ലാത്ത ടെസ്ടുകള്‍ക്ക് എഴുതിക്കൊടുത്തും ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നുണ്ടാകുന്ന സര്‍ക്കാര്‍ ശമ്പളം വാങ്ങി പോക്കറ്റിലിട്ടു ജോലിസമയം തീരുന്നതിനും എത്രയോ മുന്‍പ് തന്റെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിലേക്ക് ഓടിയും എന്ത് തരികിട നടത്തിയും പണമുണ്ടാക്കുന്ന ഒരു ഡോക്ടര്‍, ഡോക്ടര്‍ ആകുന്നതു പോയിട്ട് ഒരു മനുഷ്യന്‍ ആകാന്‍ പോലും യോഗ്യനല്ല.
കുറച്ചു കാലം മുന്പെല്ലാം ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ഒരു പാലമായിട്ടാണ് ജനങ്ങള്‍ ഡോക്ടറെ കണ്ടിരുന്നത്‌. ഇപ്പോള്‍ രോഗത്തിനും നരകത്തിനും ഇടയിലുള്ള പാലമായി അത് മാറിയിരിക്കുന്നു. മൃഗ തുല്യമായ മനസ്സുള്ള ഏതാനും ഭിഷഗ്വരന്മാരുടെ കയ്യിലിരിപ്പ് തന്നെയാണ് അതിനു കാരണം. ഇന്ന് ഡോക്ടര്‍മാരെ തല്ലുന്നതും ആശുപത്രി തല്ലിപ്പൊളിക്കുന്നതും ഒരു സ്ഥിരം കലാപരിപാടി ആയിരിക്കുന്നു. ആഴ്ച യിലൊരിക്കലെങ്കിലും ഇത്തരം വാര്‍ത്തകള്‍ പത്രങ്ങളില്‍ കാണാം. സര്‍ജറിക്കിടെ രോഗി മരിക്കുന്നതും പ്രസവത്തില്‍ അമ്മയോ കുഞ്ഞോ മരിക്കുന്നതും ഇടതു കാലിലെ പൊട്ടലിനു വലതുകാലില്‍ പ്ലാസ്ടറിടുന്നതും സര്‍ജറി ചെയ്ത വയറിനുള്ളില്‍ പഞ്ഞിയും മറ്റും മറന്നു വെക്കുന്നതും എല്ലാം കാരണങ്ങളായി കാണാം. ഒന്നുറപ്പാണ്. ഡോക്ടര്‍മാര്‍ ദൈവങ്ങളല്ല. ആയുസ്സ് അവസാനിച്ചാല്‍ പിന്നെ ഡോക്ടര്‍ എന്ത് ചെയ്തിട്ടും കാര്യമല്ല. അതുപോലെ അബദ്ധങ്ങള്‍ മനുഷ്യ സഹജമാണ്. പക്ഷെ ശ്രദ്ധക്കുറവും നിരുത്തരവാദപരമായ സമീപനവും ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല. പണമുണ്ടാക്കാനായി വേണ്ടി മാത്രമല്ലാതെ വെള്ളക്കോട്ടെടുത്തണിഞ്ഞ കുറച്ചു പേരൊക്കെ ഇവിടെയുണ്ട്. ദയവായി പറയിപ്പിക്കരുത്. ശവം അവിടെ കിടന്നോട്ടെ. സല്യൂട് ചെയ്യാനും കാലു പിടിക്കാനുമൊന്നും പറഞ്ഞു ആവശ്യമില്ലാത്ത കച്ചറയുണ്ടാക്കി അതിനെക്കൊണ്ട് വരെ ഡോക്ടറെ തല്ലിക്കരുത്.
ഇതാ മറ്റൊന്ന് കൂടി... എന്റെ സ്വന്തം നാട്... അതേ ആശുപത്രി...

വാല്‍:
ഒന്നാം വര്‍ഷ ബി.എച്.എം.എസ്സിന്റെ ആദ്യ ക്ലാസില്‍ ഞങ്ങളുടെ പഴയ പ്രിന്‍സിപ്പാള്‍ ചോദിച്ചു... "സ്റെതസ്കൊപ്പിന്റെ ഏറ്റവും പ്രധാന ഭാഗം ഏതാണ്‌?" പലരും ഇയര്‍പീസെന്നും ഡയഫ്രമെന്നും നടുവിലെ കുഴലെന്നും മാറി മാറി പറഞ്ഞു.  അവസാനം സാര്‍ തന്നെ ശരിയുത്തരം പറഞ്ഞു...  "രണ്ടു ഇയര്‍പീസുകള്‍ക്കിടയിലുള്ള ഭാഗം!!!"
മനസ്സിലായല്ലോ അല്ലെ?

5 comments:

Unknown said...

:(

MOIDEEN ANGADIMUGAR said...

നല്ല ലേഖനം.അഭിനന്ദനങ്ങൾ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തുറന്നെഴുതിയത്തിനു താങ്കള്‍ക്കു ഒരു 'സല്യൂട്ട്'

ആചാര്യന്‍ said...

എന്ത് ചെയ്യാം ..ഇവിടെയം ഇങ്ങനെയും ചിലര്‍ അല്ലെ ..

ഹാക്കര്‍ said...

കൊള്ളാം കേട്ടോ...നന്നായിരിക്കുന്നു...........ഇടക്കൊക്കെ ഇവിടെയും ഒന്ന് വന്നു പോകണം http://www.computric.co.cc/

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം